ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ വീണ്ടും അറസ്റ്റ് ചെയ്തു. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കഴിഞ്ഞ വര്‍ഷത്തെ പട്ടാള നിയമ ശ്രമത്തിന്റെ പേരിലാണ് ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റിനെ വീണ്ടും അറസ്റ്റ് ചെയ്തത്. ഡിസംബറില്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് സൈനിക ഭരണം ഏര്‍പ്പെടുത്തിയ ഉത്തരവിന്റെ പേരില്‍ ഏപ്രിലില്‍ യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തിരുന്നു.

തെളിവുകള്‍ നശിപ്പിക്കാന്‍ യൂണിന് കഴിയുമെന്ന ഭയം ചൂണ്ടിക്കാട്ടിയാണ് സിയോളിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജി ബുധനാഴ്ച യൂണിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിറ്റിംഗ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റായ യൂണ്‍, പട്ടാള നിയമം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ പേരില്‍ ഒരു കലാപത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റത്തിനാണ് വിചാരണ നേരിടുന്നത്.