ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ മോദി സർക്കാർ പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് നിഷ്പക്ഷതയല്ലെന്നും മറിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അവർ പറഞ്ഞു.

ഇത് ഭാരതത്തിന്റെ വിദേശനയത്തിൻ്റെ ദിശയെയും വിശ്വാസ്യതയെയും കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നുണ്ടെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ‘ദി ഇന്ത്യൻ എക്‌സ്പ്രസിൽ’ എഴുതിയ ലേഖനത്തിലാണ് മുൻ കോൺഗ്രസ് അധ്യക്ഷ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിനായി പാർലമെന്റ് വീണ്ടും സമ്മേളിക്കുമ്പോൾ, അന്താരാഷ്ട്ര ക്രമങ്ങൾ തകരുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ അസ്വസ്ഥജനകമായ മൗനം തുറന്ന ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഒത്തുതീർപ്പ് ചർച്ചകൾ നടന്നു കൊണ്ടിരിക്കെ ഒരു രാഷ്ട്രത്തലവനെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തുന്നത് സമകാലിക അന്താരാഷ്ട്ര ബന്ധങ്ങളിൽ വലിയ വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത്.