രാജ്യത്തുടനീളം നീണ്ടുനിൽക്കുന്ന വരൾച്ച 4.61 ദശലക്ഷം ആളുകളെ
ബാധിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസി അറിയിച്ചു.
സൊമാലിയയിൽ തുടരുന്ന വരൾച്ച ഒരു നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്, ഇത്
കുടുംബങ്ങളെ അതിജീവനത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നു. പ്രതിസന്ധി
രൂക്ഷമാകുന്നതോടെ 2025 നവംബർ 11 ന് ഫെഡറൽ ഗവൺമെന്റും പ്രാദേശിക നേതാക്കളും
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴയുടെ അഭാവം വരൾച്ചയ്ക്ക് കാരണമായതായി യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ്
ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒസിഎച്ച്എ) പറഞ്ഞു. വരൾച്ചയുടെ ആഘാതം
കഠിനമാകുന്നതിനൊപ്പം, 2 ദശലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ്
അനുഭവിക്കുന്നുണ്ടെന്നും ഒസിഎച്ച്എ വ്യക്തമാക്കി. ഏകദേശം 500,000 പേർ
ഗുരുതരമായ പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ്. ഭക്ഷണത്തിന്റെയും
വെള്ളത്തിന്റെയും ദൗർലഭ്യം മൂലം വൻതോതിലുള്ള കുടിയിറക്കം ഉണ്ടായിട്ടുണ്ട്,
ആശ്വാസം തേടി ആളുകൾ അതിർത്തികൾ കടക്കുന്നുണ്ടെന്നും ഒസിഎച്ച്എ പറയുന്നു.
അടുത്ത മഴ 2026 ഏപ്രിലിൽ മാത്രമേ പ്രതീക്ഷിക്കാവൂ എന്നതിനാൽ വരുന്ന നാല്
മാസങ്ങൾ നിർണായകമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ജനുവരി മുതൽ മാർച്ച് വരെ നളുന്ന വരണ്ട കാലാവസ്ഥ ഇതിനോടകം തന്നെ
ആരംഭിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ നിലവിലുള്ള വരൾച്ചയെ കൂടുതൽ
വഷളാക്കിയേക്കാം. കൂടുതൽ വരൾച്ച ജലക്ഷാമത്തിനും വർദ്ധിച്ചുവരുന്ന കന്നുകാലി
മരണങ്ങൾക്കും കാരണമാകുമെന്ന് ഒസിഎച്ച്എ പറഞ്ഞു. സൊമാലിയയുടെ പല
ഭാഗങ്ങളിലും ഭക്ഷ്യ അരക്ഷിതാവസ്ഥയും രൂക്ഷമാകുന്നുണ്ട്.



