ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം സ്‌മൃതി മന്ദാനയുടെ വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഗായകൻ പലാഷ് മുച്ഛലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്‌മൃതിയുടെ അടുത്ത സുഹൃത്തും നടനും നിർമാതാവുമായ വിജ്ഞാൻ മാനെ രംഗത്ത്. സ്‌മൃതി മന്ദാനയെ പലാഷ് വഞ്ചിച്ചതാണ് വിവാഹം തകരാൻ കാരണമെന്നും വിവാഹ ചടങ്ങുകൾക്കിടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയെന്നും വിജ്ഞാൻ വെളിപ്പെടുത്തി.
നേരത്തെ, സ്‌മൃതിയുടെ അച്ഛന്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് വിവാഹം മാറ്റിവെച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി സ്‌മൃതി തന്നെ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ പലാഷിനെതിരെ വഞ്ചനാ ആരോപണങ്ങൾ ഉയർന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.
വിവാഹാഘോഷങ്ങൾക്കിടെ പലാഷ് മുച്ഛലിനെ മറ്റൊരു സ്ത്രീയുമായി മോശം സാഹചര്യത്തിൽ കണ്ടുവെന്നാണ് വിജ്ഞാൻ മാനെ ആരോപിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങൾ പലാഷിനെ തല്ലിച്ചതച്ചുവെന്നും അദ്ദേഹം പറയുന്നു. സ്‌മൃതിയുടെ ബാല്യകാല സുഹൃത്തായ തനിക്ക് മന്ദാന കുടുംബമാണ് പലാഷിനെ പരിചയപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഞ്ചന പുറത്തായതോടെയാണ് സ്‌മൃതി വിവാഹബന്ധത്തിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന.
വിവാഹ വിവാദങ്ങൾക്ക് പുറമെ പലാഷ് മുച്ഛലിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും വിജ്ഞാൻ ഉന്നയിച്ചു. ‘നസാരിയ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പലാഷ് തന്റെ കൈയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. സിനിമയുടെ പേരിൽ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് വിജ്ഞാൻ സാംഗ്ലി പോലീസ് സൂപ്രണ്ടിന് പരാതി നൽകി. പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലാഷ് മുച്ഛൽ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് പലാഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സാമ്പത്തിക ആരോപണങ്ങളിലും കൂടുതൽ വ്യക്തത വരുത്താൻ പലാഷ് തയ്യാറായിട്ടില്ല.



