ന്യൂഡൽഹി: ഡൽഹിയിലെ ദിയാൽപൂരിൽ പതിനാറുകാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു. നെഹ്റു വിഹാറിൽ പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ 13 നും 17 നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെ പോലീസ് പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇവരുടെ പക്കൽ നിന്നും കണ്ടെത്തി. മരിച്ചയാൾ പ്രതികളിൽ ഒരാളെ ഭിഷണിപ്പെടുത്തിയതിനെ തുടർന്നാണ് കൊലചെയ്തതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
ഫോറൻസിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.



