ന്യൂഡൽഹി: ഡൽഹിയിലെ ജാനക്പുരിയിൽ അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലിടിച്ച് ആറ് വയസുകാരി മരിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ സഞ്ജീവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ കുട്ടി മുത്തശി മേഴ്സി സേവ്യറിനൊപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
അപകടത്തിന് പിന്നാലെ രക്തത്തിൽ കുളിച്ച് കിടന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അടുത്ത് നിന്ന ഒരു കാർ ഡ്രൈവറോട് യാചിച്ചപ്പോൾ അയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതായി മേഴ്സി പറഞ്ഞു. പിന്നീട് സമീപത്തെ ആശുപത്രിയിലെ ഒരു നഴ്സും മറ്റൊരാളും കൂടിയാണ് തങ്ങളെ ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പറഞ്ഞു.
മേഴ്സിയെയും കുട്ടിയെയും ആദ്യം മാതാ ചനൻ ദേവി ആശുപത്രിയിലും പിന്നീട് ദ്വാരകയിലെ മാക്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് പെൺകുട്ടി മരിച്ചത്.
അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും സഞ്ജീവനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.



