കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം കേരള ഹൈക്കോടതിയെ സമീപിച്ചു. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി അപ്പീൽ നൽകിയിരിക്കുന്നത്.
സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം പൂർണമായും നീക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. കേസിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ച് കൃത്യമായ സാക്ഷിമൊഴികളും രേഖകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവർ തമ്മിലുള്ള ശബ്ദ സന്ദേശങ്ങൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്നും എസ്ഐടി അറിയിച്ചു. ദ്വാരപാലക പാളികളിലെ സ്വർണം കവർന്നത് തന്ത്രിയുടെ അറിവോടെയാണെന്നും അപ്പീലിൽ പറയുന്നു. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളി കവർന്ന കേസ് എന്നിങ്ങനെ രണ്ട് കേസുകളിലും ലഭിച്ച ജാമ്യം റദ്ദാക്കാനാണ് എസ്ഐടി ആവശ്യപ്പെട്ടിരിക്കുന്നത്.



