വത്തിക്കാനിലെ സുപ്രധാന സാമ്പത്തിക സമിതിയായ ‘കമ്മീഷൻ ഫോർ റിസർവ്ഡ് മാറ്റേഴ്സിലേക്ക്’ സിസ്റ്റർ റഫേല പെട്രിനിയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. വത്തിക്കാന്റെ അതീവ രഹസ്യസ്വഭാവമുള്ള സാമ്പത്തിക കരാറുകൾ കൈകാര്യം ചെയ്യുന്ന ഈ സമിതിയിൽ എത്തുന്ന ആദ്യ വനിതയാണ് സിസ്റ്റർ റഫേല. വത്തിക്കാന്റെ ഭരണസംവിധാനങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം.

അൻപത്തിയേഴ് വയസ്സുകാരിയായ സിസ്റ്റർ റഫേല സാമ്പത്തിക ശാസ്ത്രത്തിൽ മികച്ച അറിവുള്ള വ്യക്തിയാണ്. നിലവിൽ വത്തിക്കാന്റെ സിവിൽ ഭരണകൂടത്തിന്റെ അധ്യക്ഷയായി സേവനമനുഷ്ഠിക്കുന്ന ഇവർ ഈ പദവിയിലെത്തുന്ന ആദ്യത്തെ സ്ത്രീ കൂടിയാണ്. വത്തിക്കാൻ മ്യൂസിയങ്ങൾ, ആരോഗ്യ വിഭാഗം, സുരക്ഷാ കാര്യങ്ങൾ എന്നിവയുടെയെല്ലാം മേൽനോട്ട ചുമതല ഇപ്പോൾ സി. റഫേലയ്ക്കാണ് നൽകിയിരിക്കുന്നത്.

ഇറ്റലിയിൽ ജനിച്ച സിസ്റ്റർ റഫേല അമേരിക്കയിലും ഇറ്റലിയിലുമായി തന്റെ പഠനം പൂർത്തിയാക്കി. മുൻപ് വത്തിക്കാന്റെ വിവിധ ഭരണവിഭാഗങ്ങളിൽ പ്രവർത്തിച്ച ഇവർക്ക് ഭരണകാര്യങ്ങളിൽ വലിയ പരിചയസമ്പത്തുണ്ട്. സഭയുടെ പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ ഇനി സിസ്റ്റർ റഫേലയുടെ സാന്നിധ്യം നിർണ്ണായകമാകും.