ഓവൽ ടെസ്റ്റിലെ ആവേശ ജയത്തോടെ ആൻഡേഴ്സൺ – തെണ്ടുൽക്കർ പരമ്പര സമനിലയിലാക്കിയിരിക്കുകയാണ് ഇന്ത്യ. ടെസ്റ്റിന്റെ അഞ്ചാം ദിനം മുഹമ്മദ് സിറാജ് പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. രണ്ടാം ഇന്നിങ്സിലെ അഞ്ചു വിക്കറ്റ് നേട്ടമടക്കം ടെസ്റ്റിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജായിരുന്നു കളിയിലെ താരം. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയിലും മുമ്പൻ സിറാജ് തന്നെ.
ഹൈദരാബാദ് പോലീസിൽ ഡിഎസ്പി റാങ്കിലുള്ള സിറാജിനെ ഇന്ത്യൻ താരങ്ങളും ആരാധകരും ഡിഎസ്പി എന്നു തന്നെ വിളിക്കാറുണ്ട്. എന്നാൽ ഇംഗ്ലണ്ട് ടീമിൽ സിറാജിന് ഒരു വിളിപ്പേരുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ നാസർ ഹുസൈൻ.
കളത്തിലെ തീക്ഷ്ണമായ സ്വഭാവം കാരണം സിറാജിനെ ‘മിസ്റ്റർ ആംഗ്രി’ (ദേഷ്യക്കാരൻ) എന്നാണ് ഇംഗ്ലീഷ് ടീം വിളിക്കുന്നതെന്ന് ഹുസൈൻ വെളിപ്പെടുത്തി. വിജയിക്കാനുള്ള സിറാജിന്റെ അഭിനിവേശം കാരണം അദ്ദേഹത്തോടുള്ള ആദരസൂചകമായി താരത്തെ ‘born entertainer’ എന്ന് ഹുസൈൻ വിശേഷിപ്പിച്ചു. ദി ഡെയ്ലി മെയിലിൽ എഴുതിയ കോളത്തിലാണ് ഹുസൈൻ ഇക്കാര്യം പറഞ്ഞത്.
അദ്ദേഹം തീവ്രമായി പെരുമാറുന്നയാളാണ്. ഇംഗ്ലണ്ട് ബോയ്സ് അദ്ദേഹത്തെ മിസ്റ്റർ ആംഗ്രി എന്നാണ് വിളിക്കാറ്. കളിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഫോളോ-ത്രൂ ഉള്ള ആളാണ് അയാൾ. ജന്മനാ ഒരു എന്റർടെയ്നറാണ് അദ്ദേഹം, പക്ഷേ നിർണായകമായി ഉയർന്ന തലത്തിൽ ആവശ്യമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. മികച്ച പ്രകടനം നടത്താനുള്ള ത്വര, അഭിനിവേശം, ആത്യന്തികമായി കഴിവ്. ജോ റൂട്ടിനെതിരേ ചെയ്ത പോലെ വോബിൾ സീം ഉപയോഗിച്ച് കളിക്കാരെ വിക്കറ്റിന് മുന്നിൽ കുടുക്കാൻ ശ്രമിക്കുന്ന ഒരു ഹിറ്റ്-ദി-ഡെക്ക് ബൗളർ എന്ന നിലയിൽ നിന്ന് ശുഭ്മാൻ ഗില്ലിന് രണ്ടാമത്തെ പുതിയ പന്ത് എടുക്കാൻ താത്പര്യം തോന്നിക്കാത്തത്ര മികച്ച സ്വിങ് പുറത്തെടുക്കുന്ന ഒരാളിലേക്ക് അദ്ദേഹം മാറിയിരിക്കുന്നു.’ – ഹുസൈൻ കുറിച്ചു.



