തിരുവനന്തപുരം: ബാറിലെ സംഘർഷം തടയാനെത്തിയ എസ്ഐയെ ആക്രമിച്ച യുവാവ് പിടിയിൽ. പോത്തൻകോട് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ വി. വിപിൻ പിള്ളയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ വെമ്പായം തേക്കട സ്വദേശി ഹർഷദ് (25) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 8.55ന് ആയിരുന്നു സംഭവം.പോത്തൻകോട്ടുള്ള ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയവർ തമ്മിൽ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ ഒരാൾ ഒഴികെ ബാക്കിയെല്ലാവരും രക്ഷപ്പെട്ടു. ജീപ്പിൽ കയറ്റുന്നതിനിടെ ഹർഷദ് എസ്ഐയെ ആക്രമിക്കുകയായിരുന്നു. കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



