2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിൽ പ്രതികരിച്ച് ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ആശംസകൾ നേരുന്നുവെന്നും ഗിൽ പറഞ്ഞു. ന്യൂസിലൻഡിനെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പാണ് പ്രതികരണം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഗിൽ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ മോശം ഫോം കാരണം ലോകകപ്പ് ടീമിൽ നിന്ന് താരത്തെ ഒഴിവാക്കി. ശുഭ്മാന്റെ സമീപകാല ടി20 ഫോം സ്ഥിരതയില്ലാത്തതാണ്. ഇതോടെയാണ് ടീം ഘടന ചൂണ്ടിക്കാട്ടി സെലക്ടർമാർ താരത്തെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ശുഭ്മാന്റെ സ്ഥാനത്ത് അക്സർ പട്ടേലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു, സൂര്യകുമാർ യാദവ് ടീമിനെ നയിക്കും.
“സെലക്ടർമാരുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. ടി20 ലോകകപ്പിനുള്ള ടീമിന് ആശംസകൾ. ഞാൻ എത്തേണ്ട സ്ഥാനത്ത് തന്നെയാണ്. എന്റെ വിധിയിൽ എഴുതിയിരിക്കുന്നത് ആർക്കും എടുത്തുകളയാൻ കഴിയില്ല. ഒരു കളിക്കാരൻ എപ്പോഴും രാജ്യത്തിനായി തന്റെ പരമാവധി നൽകാൻ ആഗ്രഹിക്കുന്നു. സെലക്ടർമാർ എടുക്കുന്ന തീരുമാനം ഞാൻ അംഗീകരിക്കുന്നു,” ശുഭ്മാൻ ഗിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.



