ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ ശ്രേയസ് അയ്യരെ സിഡ്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് താരത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റിയിരിക്കുകയാണ്. ഏകദിന ടീം വൈസ് ക്യാപ്റ്റൻ കൂടിയായ ശ്രേയസ് ഒരു ക്യാച്ച് എടുക്കുന്നതിനിടെ വീണാണ് പരിക്കേറ്റത്.
ഓസീസ് താരം അലക്സ് കാരിയെ പുറത്താക്കാൻ ബാക്ക്‌വേർഡ് പോയിന്റിൽ നിന്ന് പിന്നിലേക്ക് ഓടുന്ന ഒരു മികച്ച ക്യാച്ച് എടുത്ത അയ്യർക്ക്, ഇടത് വാരിയെല്ലിന് പരിക്കേറ്റതായി തോന്നുന്നു , ശനിയാഴ്ച ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. “കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിൽ ആയിരുന്നു. റിപ്പോർട്ടുകൾ വന്നതിനുശേഷം, ആന്തരിക രക്തസ്രാവം കണ്ടെത്തി, അദ്ദേഹത്തെ ഉടൻ തന്നെ പ്രവേശിപ്പിക്കേണ്ടിവന്നു.”
“രക്തസ്രാവം മൂലം അണുബാധ പടരുന്നത് തടയാൻ, സുഖം പ്രാപിക്കുന്നതിനെ ആശ്രയിച്ച് രണ്ട് മുതൽ ഏഴ് ദിവസം വരെ അദ്ദേഹം നിരീക്ഷണത്തിൽ തുടരും,” അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയെത്തിയ അയ്യറുടെ ആരോഗ്യനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെത്തുടർന്ന് ബിസിസിഐ മെഡിക്കൽ സംഘം വേഗത്തിൽ നടപടി സ്വീകരിച്ചിരുന്നു.
“ടീം ഡോക്ടറും ഫിസിയോയും ഒരു റിസ്ക് എടുത്തില്ല, ഉടനെ തന്നെ താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോൾ കാര്യങ്ങൾ ശാന്തമാണ്, ഒരുപക്ഷേ അത് മരണത്തിലേക്ക് നയിച്ചേനെ. താരം ഉടൻ തന്നെ സുഖം പ്രാപിക്കും,” വൃത്തങ്ങൾ കൂട്ടിച്ചേർത്തു.



