രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിക്ക് പരിഹാരം കാണാൻ എൽപിജി ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. വാതക ലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര ഉത്പാദനം കൂട്ടാനുള്ള നീക്കം. അതേസമയം, രാജ്യത്തെ എൽപിജി ലഭ്യത സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വിശദീകരണം നൽകി.
വീടുകളിലേക്കുള്ള പാചകവാതക വിതരണം തടസ്സമില്ലാതെ പൂർണ്ണമായും ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. എന്നാൽ ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നേക്കാം. വിതരണം കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഊർജ്ജ ലഭ്യതയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഹോട്ടൽ ഉടമകൾ വാതക ലഭ്യതയിൽ ആശങ്ക അറിയിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നു.
എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവെയ്പ്പും കൃത്രിമ വിലക്കയറ്റവും തടയുന്നതിനായി എൽപിജിയെ അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. വിതരണ ശൃംഖല നിരീക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികളുടെ എക്സിക്യുട്ടീവ് ഡയറക്ടർ തലത്തിലുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി മൂന്നംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സാനിറ്റൈസറിന് ഏർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണങ്ങളാണ് ഇപ്പോൾ പാചകവാതകത്തിനും ഏർപ്പെടുത്തിയിരിക്കുന്നത്.



