കഴിഞ്ഞ ആഴ്ചയുണ്ടായ പുതിയ അക്രമ സംഭവങ്ങൾക്ക് ശേഷം ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് മടങ്ങാൻ പാടുപെടവെ, മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും തീവ്രവാദ ശക്തികൾക്ക് വളരാൻ അവസരമൊരുക്കിയെന്നും അവർ കുറ്റപ്പെടുത്തി.

വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ ഇമെയിൽ അഭിമുഖത്തിലാണ് ഹസീന തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. വിദ്യാർത്ഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകവും തുടർന്നുണ്ടായ അസ്വസ്ഥതകളും ഇടക്കാല സർക്കാരിന് കീഴിലെ നിയമവിരുദ്ധത വെളിപ്പെടുത്തുന്നതാണെന്ന് അവർ പറഞ്ഞു.

താൻ പുറത്താക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശിലെ സാഹചര്യം വഷളായെന്നും ഇത് രാജ്യത്തിന്റെ ആഭ്യന്തര സ്ഥിരതയെ മാത്രമല്ല ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുമെന്നും ഹസീന മുന്നറിയിപ്പ് നൽകി. അക്രമം രാജ്യത്ത് ഒരു പതിവായി മാറിയിരിക്കുന്നു. എന്നാൽ ഇടക്കാല സർക്കാർ ഒന്നുകിൽ ഇത് നിഷേധിക്കുന്നു അല്ലെങ്കിൽ തടയാൻ കഴിയാതെ നിസ്സഹായരായി നിൽക്കുന്നു.