പാകിസ്ഥാന്റെ മാറിക്കൊണ്ടിരിക്കുന്ന സൈനിക തന്ത്രങ്ങളെയും ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയിലുള്ള അവരുടെ താല്പര്യത്തെയും ഇന്ത്യ ഗൗരവമായി കാണണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. പാകിസ്ഥാൻ നടപ്പിലാക്കുന്ന ‘അസമമായ പ്രതിരോധം’ (Asymmetric deterrence) എന്ന സൈനിക നയം ഇന്ത്യയ്ക്ക് നിസ്സാരമായി തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനിലെ വർദ്ധിച്ചുവരുന്ന ഭാരതവിരുദ്ധ തീവ്രവാദവും ജനറൽ അസിം മുനീറിന്റെ സ്വാധീനവും ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.