കോൺഗ്രസ് പാർട്ടിയിൽ ഭിന്നത നിലനിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, ശശി തരൂർ എംപി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും പാർലമെൻ്റിൽ കൂടിക്കാഴ്ച നടത്തി.

പാർട്ടി നേതൃത്വവുമായി താൻ അകൽച്ചയിലാണെന്ന വാർത്തകളെ തരൂർ തള്ളിക്കളഞ്ഞു. തൻ്റെ പാർട്ടിയുടെ നേതാക്കളെ കാണുന്നതിൽ എന്താണ് ഇത്ര അസാധാരണമെന്നും ഇത് സ്വാഭാവികമായ കൂടിക്കാഴ്ച മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാർലമെൻ്റ് സമുച്ചയത്തിലെ മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ വെച്ചായിരുന്നു നിർണ്ണായകമായ ചർച്ച നടന്നത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തു. ചർച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിക്കും ഖാർഗെയ്ക്കും ഒപ്പമുള്ള ചിത്രം ശശി തരൂർ തന്റെ എക്സ് (X) ഹാൻഡിലിൽ പങ്കുവെച്ചു.