2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാവ് ശർജീൽ ഇമാമിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി 10 ദിവസത്തെ ജാമ്യമാണ് ഡൽഹി കോടതി നൽകിയത്. 2020 ജനുവരി മുതൽ ജയിലിൽ കഴിയുന്ന ശർജീലിന് ആറ് ആഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബജ്‌പായ് മാർച്ച് 20 മുതൽ 30 വരെ ജാമ്യം അനുവദിച്ചത്. നേരത്തെ 2025 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതിയും ഈ വർഷം ജനുവരിയിൽ സുപ്രീം കോടതിയും അദ്ദേഹത്തിന്റെ സ്ഥിരം ജാമ്യാപേക്ഷ തള്ളിയിരുന്നു.

കർശനമായ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യകാലയളവിൽ മാധ്യമങ്ങളുമായി സംസാരിക്കാനോ സോഷ്യൽ മീഡിയ ഉപയോഗിക്കാനോ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുമായി മാത്രമേ ഇടപഴകാവൂ എന്നും നിർദ്ദേശമുണ്ട്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ ഉൾപ്പെടെയുള്ളവർക്ക് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. എന്നാൽ ശർജീൽ ഇമാമിനും ഉമർ ഖാലിദിനുമെതിരെ യു.എ.പി.എ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ 2019 ഡിസംബർ 13-ന് ശർജീൽ ഇമാം നടത്തിയ പ്രസംഗം കലാപത്തിന് വഴിവെച്ചു എന്നാണ് പോലീസിന്റെ വാദം. 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യു.എ.പി.എ പ്രകാരമുള്ള കേസിൽ കുറ്റാരോപിതനായ ശർജീൽ ഇമാം വർഷങ്ങളായി വിചാരണ തടവുകാരനായി തുടരുകയായിരുന്നു.