തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം നിക്ഷേപകർ വിപണയിലേക്ക് തിരിച്ചെത്തിയതോടെ വ്യാഴാഴ്ച ദലാൽ സ്ട്രീറ്റ് ശക്തമായ മുന്നേറ്റത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളാണ് ഓഹരി വിപണിയെ ഇന്ന് മുന്നോട്ട് നയിച്ചത്. 

വ്യാപാരം ആരംഭിച്ച ഉടൻ തന്നെ സെൻസെക്സും നിഫ്റ്റിയും വ്യക്തമായ നേട്ടങ്ങൾ കൈവരിച്ചു. എല്ലാ മേഖലകളിലും ഓഹരികളിലും വാങ്ങൽ പ്രവണത ദൃശ്യമായിരുന്നു. രാവിലെ 9:46 വരെ എസ് ആന്റ് പി ബി എസ് ഇ സെൻസെക്സ് 785.92 പോയിന്റ് ഉയർന്ന് 82,695.55 ൽ എത്തി. എൻ എസ് ഇ നിഫ്റ്റി 50 251.60 പോയിന്റ് ഉയർന്ന് 25,409.10 ൽ എത്തി. സമീപകാല അനിശ്ചിതത്വത്തിന് ശേഷം നിക്ഷേപകർ പുതിയ ഉണർവിലേക്ക് തിരിച്ചെത്തിയതിൻറെ സൂചനകളാണ് ഈ സൂചകങ്ങളിൽ കാണുന്നത്.