യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാൽ എംപി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും.

ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടർന്നു. പലയിടത്തും ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ ഇന്നും കോൺഗ്രസ് മാർച്ച് നടക്കും. 

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇരു വിഭാഗങ്ങളും മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തിരുന്നു.