യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ. ഷാഫിയുടെ മൂക്കിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്, അഞ്ച് ദിവസത്തെ വിശ്രമം നിർദ്ദേശിച്ചു, പോലീസ് രണ്ട് തവണ ഷാഫിയുടെ മുഖത്ത് ലാത്തി കൊണ്ട് ഇടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ലാത്തിച്ചാർജ് നടത്തിയിട്ടില്ല എന്ന് പറയുന്ന എസ്പി ദൃശ്യങ്ങൾ പരിശോധിക്കാൻ തയ്യാറാകണം. കണ്ണുണ്ടെങ്കിൽ എസ്പി ദൃശ്യങ്ങൾ കാണണം. പ്രവർത്തകന്റെ കണ്ണിന് ഗുരുതര പരിക്കേറ്റുവെന്നും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംപിയെ അറിയാത്തവർ അല്ല ഇവിടുത്തെ പോലീസുകാർ. പേരാമ്പ്ര ഡിവൈഎസ്പി സിപിഎം ഗുണ്ടയെ പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തിരുന്നു.