ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ നൽകണമെന്നും അത് സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സുപ്രീം കോടതി. ഒമ്പത് മുതൽ 12 വരെ ക്ലാസിൽ മാത്രമായി ചുരുക്കാതെ, ചെറുപ്രായം മുതലേ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെട്ട ഉത്തർപ്രദേശിലെ ഒരു കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ സുപ്രധാനമായ നിർദേശം.

പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, ബാലനീതി ബോർഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാൻ നിർദേശിച്ചു. ഇതിനിടെ കേസിൽ, ഉത്തർപ്രദേശിലെ സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം നൽകുന്നുണ്ടോയെന്നതിൽ കോടതി സത്യവാങ്മൂലം തേടിയിരുന്നു.

ഒമ്പത് മുതൽ 12 വരെ ക്ലാസിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെന്നായിരുന്നു യുപി സർക്കാരിൻ്റെ മറുപടി. ഇത് പരിഗണിച്ച കോടതി, ചെറുപ്രായത്തിലെ വേണ്ടതാണ് ലൈംഗിക വിദ്യാഭ്യാസം എന്ന സുപ്രധാന നിർദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. കുട്ടികൾക്ക് ശരിയായ ബോധവൽക്കരണം നൽകാനും തെറ്റായ പ്രവണതകളിൽ നിന്ന് അവരെ അകറ്റി നിർത്താനും ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തിലേ നൽകേണ്ടത് അനിവാര്യമാണ് എന്ന സൂചനയാണ് കോടതി നൽകുന്നത്.