സുഡാനിലെ സായുധസേനയും, സുഡാൻ ദ്രുതകർമ്മസേനയും തമ്മിൽ വർഷങ്ങളായി തുടരുന്ന സംഘർഷങ്ങളുടെ ഇരകളായി സ്ത്രീകൾ ദുരുപയോഗിക്കപ്പെടുന്നുവെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധസേവനം ചെയ്യുന്ന “അതിർത്തികളില്ലാത്ത ഡോക്ടർമാർ” (Doctors Without Borders) എന്ന സംഘടന റിപ്പോർട്ട് ചെയ്തു. സംഘർഷഭരിത മേഖലകളിൽ മാത്രമല്ല, ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവരും സംഘർഷങ്ങളെ അതിജീവിക്കാൻ പരിശ്രമിക്കുന്നവരുമായ സ്ത്രീകൾ പോലും രാജ്യത്ത് കടുത്ത ലൈംഗിക അതിക്രമങ്ങളുടെ ഇരകളാകുന്നുണ്ടെന്ന് മാർച്ച് 31-ന് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.
2024 ജനുവരി മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ മാത്രം, ലൈംഗിക ആക്രമണങ്ങൾക്ക് വിധേയരായ 3.396 ആളുകൾ തങ്ങളുടെ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ തങ്ങളുടെ റിപ്പോർട്ടിൽ എഴുതി. ഇവരിൽ 97 ശതമാനവും സ്ത്രീകളും പെൺകുട്ടികളുമാണ്. പലയിടങ്ങളിലും കൊച്ചു കുട്ടികൾ വരെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളായിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
അറബ് സംസ്കാരമില്ലാത്ത കുടുംബങ്ങളും സമൂഹങ്ങളുമാണ് കൂടുതലായി ലക്ഷ്യമാക്കപ്പെടുന്നതെന്നും, സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ചാണ് ആളുകൾ സംഘമായി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു. സ്ത്രീകളുടെ നേർക്കുള്ള അതിക്രമങ്ങൾ അവരെ പരിഹസിക്കാനും, അതിലുപരി ഭീഷണിപ്പെടുത്താനും വേണ്ടിയുള്ളതാണെന്നും സംഘടന എഴുതി. ഏപ്രിൽ മാസത്തിൽ നാലാം വർഷത്തിലേക്ക് കടന്ന സുഡാനിലെ സംഘർഷങ്ങൾ നിരവധി കൊലപാതകങ്ങൾക്കും, പീഡനങ്ങളും, തട്ടിക്കൊണ്ടുപോകലുകൾക്കും, വീടുകളുടെയും ആശുപത്രികളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും നാശത്തിനും കാരണമായിട്ടുണ്ട്.
വടക്കൻ ദാർഫൂറിലുള്ള താവിലയിൽ ആയിരക്കണക്കിന് ആളുകൾ മറ്റു പ്രദേശങ്ങളിൽനിന്നും അഭയം തേടി എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. നിരവധി അഭയാർത്ഥി ക്യാമ്പുകളുണ്ടായിരുന്ന എൽ ഫാഷറിന്റെ പതനത്തോടെ കഴിഞ്ഞ ഒക്ടോബർ മുതൽ ആളുകൾ കൂട്ടത്തോടെ പുതിയ ഇടങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഡാബ നൈറ പ്രദേശത്തും അഭയാർത്ഥിക്യാമ്പുകളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു.



