പ്രമുഖ സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതരമായ പീഡനാരോപണവുമായി സോഷ്യൽ മീഡിയ വൈറൽ താരം മൊണാലിസ ഭോസ്‌ലെ രംഗത്തെത്തി. സിനിമാ സെറ്റിൽ വെച്ച് സനോജ് മിശ്ര തന്നോട് മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറി പിടിച്ചെന്നും മൊണാലിസ വെളിപ്പെടുത്തി. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സനോജ് മിശ്ര സംവിധാനം ചെയ്ത ‘ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിൽ മൊണാലിസ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് പീഡനശ്രമം ഉണ്ടായതെന്ന് താരം ആരോപിച്ചു.
വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മൊണാലിസ താൻ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചത്. സനോജ് മിശ്ര അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് തന്റെ മോശം പെരുമാറ്റം മറച്ചുവെക്കാനാണെന്ന് താരം കുറ്റപ്പെടുത്തി. തന്റെ കുടുംബത്തിന് പണം മാത്രമാണ് ലക്ഷ്യമെന്നും അവരുമായി സംവിധായകൻ ചേർന്ന് പ്രവർത്തിക്കുകയാണെന്നും മൊണാലിസ പറഞ്ഞു. നേപ്പാളിൽ വെച്ചും ഡെറാഡൂണിൽ വെച്ചും സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി താരം വെളിപ്പെടുത്തി. ‘ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിലെ നായകനായ ഫർമാൻ ഖാനെയാണ് മൊണാലിസ വിവാഹം കഴിച്ചത്.
ഈയിടെയാണ് മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റിയാണ് കാർമികത്വം വഹിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി തുടങ്ങിയ പ്രമുഖ നേതാക്കൾ വിവാഹ ചടങ്ങിൽ സംബന്ധിച്ചിരുന്നു. കേരളത്തിലെ മനുഷ്യർ നല്ലവരാണെന്നും ഇവിടുത്തെ അന്തരീക്ഷം സുരക്ഷിതമാണെന്നുമാണ് വിവാഹ ശേഷം ഇരുവരും പ്രതികരിച്ചത്.
വിവാഹത്തിന് പിന്നാലെ ഇരുവവർക്കുമെതിരെ ലൗ ജിഹാദ് ആരോപണവും മൊണാലിസയ്ക്ക് പ്രായപൂർത്തിയായില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഈ രണ്ട് ആരോപണങ്ങളെയും വാർത്താ സമ്മേളനത്തിൽ ദമ്പതികൾ തള്ളിക്കളഞ്ഞു. തന്റെ പ്രായത്തെക്കുറിച്ച് നുണപ്രചാരണം നടത്തുന്നവർക്ക് മറുപടിയായി 2015-ൽ എടുത്ത ആധാർ കാർഡ് മൊണാലിസ പ്രദർശിപ്പിച്ചു. താൻ മുസ്‌ലിം ആയതിനാലാണ് തന്നെയും പങ്കാളിയെയും വേട്ടയാടുന്നതെന്ന് ഫർമാൻ ഖാൻ പറഞ്ഞു. സനോജ് മിശ്രയുടെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള ബന്ധത്തെ യുവതിയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് മൊണാലിസയെ വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ താല്പര്യം. വീട്ടുകാരുടെ ഭീഷണിയെത്തുടർന്ന് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടി എത്തിയിരുന്നു. ഇതിന് ശേഷമാണ് കേരളത്തിൽ വെച്ച് വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചത്. സംവിധായകനെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോകാനാണ് താരത്തിന്റെ തീരുമാനം.



