കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തിലെ ഇതിഹാസ നായകനും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന കെ.എം. മാണി വിടപറഞ്ഞിട്ട് ഇന്ന് ഏഴുവര്‍ഷം. പാലായുടെ മനസ് മാണിസാറിന്റെ ഓര്‍മകളില്‍ നിറയുന്ന ദിനത്തില്‍ തന്നെ മകന് ജോസ് കെ. മാണി മത്സരിക്കുന്ന നിയമസഭാ തെഞ്ഞടുപ്പ് തീയതി വന്നുചേര്ന്നതു യാദൃച്ഛികം.
പാലാ മണ്ഡലവും കെ.എം. മാണിയും ഒരുമിച്ച് പിറന്നവരാണ്. 1965ലായിരുന്നു ഇത്. പാലാ മണ്ഡലമുണ്ടായപ്പോള്‍ കോണ്‍ഗ്രസില്‍നിന്നും ഇറങ്ങിപ്പോന്ന കെ.എം. മാണി ആദ്യമായി അവിടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. പിന്നെ 2019 ഏപ്രില്‍ ഒമ്പതിനു മരിക്കുന്നത് വരെയും കെ.എം. മാണി പാലായുടെ ജനപ്രതിനിധിയായി. തുടര്‍ച്ചയായി 12 തവണ. 54 കൊല്ലം. ഇന്ത്യയില്‍ ഇന്നും ഈ റിക്കാര്‍ഡ് കെ.എം. മാണിക്ക് മാത്രം സ്വന്തം.
മീനച്ചിലാറിന് കുറുകെ 17 പാലങ്ങള്‍ പണിത മന്ത്രിയായിരുന്നു കെ.എം. മാണി. സംസ്ഥാനത്തിന് എന്തു കിട്ടിയാലും ഒരെണ്ണം പാലായ്ക്ക് വേണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. തന്റെ പരിലാളനയില്‍ തലയുയര്‍ത്തി നില്ക്കുന്ന പാലായെ കാണാനായിരുന്നു കെ.എം. മാണിക്ക് എന്നുമിഷ്ടം.
ധനം, ആഭ്യന്തരം, നിയമം, ജലസേചനം, റവന്യു, ഭവനനിര്‍മാണം, വൈദ്യുതി, ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ വകുപ്പുകളില്‍ 24 വര്‍ഷം മന്ത്രിയായിരുന്ന കെ.എം. മാണിയാണ് എല്ലാവര്ക്കും കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കിയ സാമൂഹിക ജലസേചന പദ്ധതിയും വെളിച്ച വിപ്ലവവും നടപ്പാക്കിയത്. പാലാ ജനറല്‍ ആശുപത്രി, ഏറ്റുമാനൂര്‍ – പുഞ്ഞാര്‍ ഹൈവേ, പാലങ്ങള്‍, ആധുനിക മികവുള്ള റോഡുകള്‍, റവന്യു ടവര്‍, ട്രഷറി, കോടതി സമുച്ചയം തുടങ്ങി എല്ലാം കൊണ്ടുവന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
കാരുണ്യ ബനവലന്റ് ഫണ്ടില്‍നിന്നും 1.42 ലക്ഷം പേര്‍ക്ക് 1200 കോടിയുടെ ചികിത്സാ സഹായം നല്കിയ ശേഷമാണു മാണിസാര്‍ നിത്യതയില്‍ ലയിച്ചത്. റബറിന് 150 രൂപ താങ്ങുവിലയായി വിലസ്ഥിരതാ ഫണ്ട് രൂപീകരിച്ചതും അദ്ദേഹത്തിന്റെ അവസാന നാളിലാണ്.



