ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് കടലൂരിൽ നടത്താനിരുന്ന റോഡ്ഷോ മാറ്റിവെച്ചു. ചെന്നൈയിൽ നിന്ന് കടലൂർ വരെ 175 കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യാനായിരുന്നു വിജയ്യുടെ തീരുമാനം.
എന്നാൽ സുരക്ഷാ കാരണങ്ങളും മുൻനിശ്ചയിച്ച യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. യുവജനങ്ങൾ വലിയ തോതിൽ ബൈക്കുകളിൽ താരത്തെ പിന്തുടരുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ശിവഗംഗയിൽ നടന്ന റോഡ്ഷോയ്ക്കിടെ അഞ്ചുപേർ അപകടത്തിൽപ്പെട്ടിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനുമാണ് റോഡ്ഷോ വേണ്ടെന്നുവച്ചതെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
കടലൂരിലെ പരിപാടി മാറ്റിയെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി വിജയ് സജീവമായി രംഗത്തുണ്ട്. 14ന് പുതുക്കോട്ടയിൽ റോഡ്ഷോ നടത്താൻ വിജയ്ക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്.



