കള്ളപ്പണ ഇടപാട് കേസിലെ ക്ലീൻചിറ്റ്, ഇഡിയുടെ റിപ്പോർട്ട് ആശ്വാസം നൽകുന്നതെന്ന് മുന്‍ എംഎല്‍എയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.വി. അൻവർ. കേസുകൾ ഉയർത്തി തന്നെ വ്യക്തിഹത്യ നടത്തി. വികസനം ഉയർത്തിയപ്പോൾ വ്യക്തിഹത്യയാണ് നടത്തിയത്.

രാഷ്ട്രീയപോരാട്ടത്തിന് എത്തിയ താൻ വൈകാരികമായി പ്രതികരിക്കേണ്ടി വന്നു. ബേപ്പൂരിലേക്ക് KSRTC ബസ് പോലുമില്ല. എങ്ങും വികസന മുരടിപ്പ്. ആരുടെ വോട്ടും സ്വീകരിക്കും. പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്നും പി വി അൻവർ വ്യക്തമാക്കി. SDPI – യുടെ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിനാണ് പി വി അൻവർ മറുപടി നൽകിയത്

അതേസമയം പി വി അന്‍വറിന് സാമ്പത്തിക തട്ടിപ്പുകേസില്‍ ഇഡിയുടെ ക്ലീന്‍ ചിറ്റ്. കര്‍ണാടകയിലെ ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയെന്ന കേസിലാണ് ഇഡിയുടെ റിപ്പോര്‍ട്ട്. കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കേസില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ട് ഇഡി സമര്‍പ്പിച്ചു. മലപ്പുറത്തെ വ്യവസായിയാണ് പി.വി അന്‍വറിനെതിരെ പരാതി ഉന്നയിച്ചത്.

കര്‍ണാടക ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എന്‍ജിനീയറില്‍ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നല്‍കാതെ വഞ്ചിച്ചെന്നാണു കേസ്. പരാതിയില്‍ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കള്ളപ്പണ ഇടപാടുകളിലെ പരിശോധനയിലേക്ക് ഇഡി കടന്നത്.കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി 2021 ലാണ് ഇഡി ഇസിഐആര്‍ രജിസ്റ്റ്ര്‍ ചെയ്തത്.

പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി അന്‍വറിനെ പലതവണ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിനെതിരെ യാതൊരു വിധ തെളിവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം വായ്പാ തട്ടിപ്പു കേസില്‍ അന്‍വറിനെതിരായ ഇഡി അന്വേഷണം നടക്കുന്നുണ്ട്.