കണ്ണൂർ: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ണാടിപ്പറമ്പ് ഗവ. സ്കൂളിന് സമീപത്തുണ്ടായ അപകടത്തിൽ കണ്ണൂര്‍ ചേലേരി നൂഞ്ഞേരിയിലെ സഫവില്ലയില്‍ മുഹമ്മദ് സൂഫിയാന് (19) ആണ് മരിച്ചത്.
കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്സിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് സൂഫിയാന്. എതിര് ദിശയില്‍ വന്ന സ്കൂട്ടറുമായി സൂഫിയാന് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മയ്യില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



