തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ സ്കൂ​ളു​ക​ളി​ലും അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണം നി​ർ​ബ​ന്ധ​മാ​ക്കി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ്കൂ​ൾ സു​ര​ക്ഷാ മാ​ന്വ​ൽ. ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നും വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും ഇ​തു നി​ർ​ബ​ന്ധ​മാ​ണെ​ന്നും മാ​ന്വ​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

തേ​വ​ല​ക്ക​ര​യി​ലെ സ്കൂ​ളി​ൽ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ സ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​കൊ​ണ്ടു​ള്ള പു​തി​യ മാ​ന്വ​ൽ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

പാ​മ്പു ക​യ​റി​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ദി​വ​സ​വും പ്ര​വൃ​ത്തി സ​മ​യ​ത്തി​നു മു​ൻ​പ് ക്ലാ​സ് മു​റി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സ്കൂ​ൾ വ​ള​പ്പി​ലെ കാ​ടും പു​ല്ലും വ​ർ​ഷ​ത്തി​ൽ ര​ണ്ട് ത​വ​ണ​യെ​ങ്കി​ലും നീ​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വൃ​ത്തി​യു​ള്ള ശു​ചി​മു​റി​ക​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ശു​ചി​മു​റി​ക​ളും ഉ​റ​പ്പാ​ക്ക​ണം.

സ്കൂ​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​റ് മാ​സ​ത്തി​ലൊ​രി​ക്ക​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​ക​ണം. ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്ത​ണം.