കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കാല്‍നടയായി എത്തിയാണ് പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ വി.ഡി സതീശന്‍ പത്രിക സമര്‍പ്പിച്ചത്. പ്ലാച്ചിമട സമരസമിതിയാണ് സതീശന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.
പറവൂരിലെ കോടതിക്ക് മുന്നില്‍ വച്ചാണ് പ്ലാച്ചിമട സമരസമിതിയിലെ നേതാക്കള്‍ വി.ഡി സതീശന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ പ്ലാച്ചിമട പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി.ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
“നീതിക്ക് വേണ്ടി അവര്‍ നടത്തുന്ന പോരാട്ടത്തില്‍ ഞാനും പങ്കാളിയാണ്. ഞാന്‍ നിരവധി തവണ അവരെ സന്ദര്‍ശിച്ച് പിന്തുണ കൊടുത്തിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലേക്ക് തിരിട്ടു വരുമ്പോള്‍ പ്ലാച്ചിമട പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉറപ്പായും ഉണ്ടാക്കും.
പ്ലാച്ചിമടയിലെ പാവപ്പെട്ട ആളുകളാണ് കെട്ടിവയ്ക്കാനുള്ള പണം തന്നത്. ഞാനിത് വലിയൊരു തുകയായി, അവരുടെ മുഴുവന്‍ സ്‌നേഹവും പിന്തുണയും ഹൃദയത്തില്‍ ഏറ്റുവാങ്ങി കൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുകയും സമരസമിതിക്ക് പ്രത്യേകമായി നന്ദി പ്രകടിപ്പിക്കുന്നു’- വി.ഡി സതീശന്‍ പറഞ്ഞു.
തന്‍റെ ഏഴാമത്തെ തെരഞ്ഞെടുപ്പിനാണ് വി.ഡി. സതീശന്‍ ഒരുങ്ങുന്നത്. 25 വര്‍ഷമായി പറവൂരിലെ എംഎല്‍എയാണ് വി.ഡി സതീശന്‍. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരില്‍ ആദ്യമായി വി.ഡി. സതീശന്‍ പറവൂരില്‍ മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി. രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001ല്‍ പി. രാജുവിനെ തോല്‍പിച്ച് എംഎല്‍എയായി.



