നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂര്‍ത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിക്കിപീഡിയ പേജ് ആരോ എഡിറ്റ് ചെയ്തു. വി ഡി സതീശനെ കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയാക്കി കൊണ്ടായിരിരുന്നു ആദ്യ എഡിറ്റിംഗ്. 2026 മേയ് നാലിന് ചുമതലയേറ്റതെന്നും എഡിറ്റ് ഹിസ്റ്ററിയിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. പിന്നാലെ അദ്ദേഹത്തിന്റെ പേജിൽ വീണ്ടും എഡിറ്റിംഗ് ചെയ്തിട്ടുണ്ട്. ഇപ്പോൾ പരിശോധിച്ചാൽ വി ഡി സതീശൻ പ്രതിപക്ഷ നേതാവ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ ചുമതയേറ്റ ദിനം 2026 മേയ് നാല് എന്ന് തന്നെയാണുള്ളത്.
അതേസമയം, മുപ്പത്തഞ്ച് വര്‍ഷത്തിനിടെ യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ഇത്തവണയുണ്ടായതെന്ന് വി ഡി സതീശൻ പറഞ്ഞു. 1991 ലും 2001 ലും യുഡിഎഫ് മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ആവേശകരമായ പ്രവര്‍ത്തനം ആദ്യമായാണ് കാണുന്നത്. 2005 മുതല്‍ ഒപ്പമില്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ ഇത്തവണ യുഡിഎഫിന് പിന്നതുണ പ്രഖ്യാപിച്ചു.
പിണങ്ങിപ്പോയവരെയും മാറിപ്പോയവരെയും തിരിച്ചു കൊണ്ടു വരാനായി. അതിന്റെയൊക്കെ ഫലം തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകും. രാഷ്ട്രീയമായ അടിത്തറയിലാണ് യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്നു പറഞ്ഞത്. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും ലഭിക്കാത്ത വിജയമാണ് യുഡിഎഫിനുണ്ടായത്. തെരഞ്ഞെടുപ്പുകളിലുണ്ടായ വിജയവും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏത് കേഡര്‍ പാര്‍ട്ടിയെയും തോല്‍പ്പിക്കുന്ന സംഘടനാ മികവും യുഡിഎഫിനുണ്ടായിരുന്നു.



