സംസ്ഥാനത്ത് തുടർഭരണം വേണ്ടെന്നും മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന കവി സച്ചിദാനന്ദന്‍റെ പരാമര്‍ശത്തെ പിന്തുണച്ച് എഴുത്തുകാരി സാറ ജോസഫ് രംഗത്ത്. പിണറായി 3.0 എന്ന ബ്രാന്‍റിംഗ് ദോഷം ചെയ്യും. വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് പോകുന്നത് നാശം ആയിരിക്കും. ഭരണാധികാരത്തിൽ വന്നത് ഇടതു പാർട്ടിയാണ്. അടിസ്ഥാന വർഗ്ഗത്തിന് എന്തു കിട്ടി എന്നാണ് വിലയിരുത്തേണ്ടത്.

ഇടതുപക്ഷം സംസ്ഥാനത്ത് ചെയ്യുന്നത് ചോദ്യം ചോദിക്കാൻ പാടില്ല എന്ന സമ്പ്രദായമാണ്. അധികാരം നിലനിർത്താൻ ഏതു പിശാചിന്റെ കൂടെ കൂട്ടുകൂടും എന്ന് പറഞ്ഞ പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അധികാരമാണ് അവർക്ക് മുഖ്യം ജനാധിപത്യമല്ല. വികസനം എന്നുള്ള പേരിൽ കുറെ റോഡുകളും മറ്റും കെട്ടിവയ്ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വർഗ്ഗമായ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ല

ജനാധിപത്യത്തിന്റെ നാശമാണ് ഓരോ രാഷ്ട്രീയ പാർട്ടിക്ക് അകത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചോദ്യം ചോദിക്കാനും തിരുത്തലിനും സാധ്യതയില്ലാത്തവണ്ണം കാര്യങ്ങൾ പോകുന്നു. പ്രതിപക്ഷത്തിരിക്കുന്നത് ഭരണ പക്ഷത്തിന് നല്ലതാണ്. ജനങ്ങളുടെ നാവായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ വായടക്കുന്ന സമീപനം വരെയുണ്ട്. ജനാധിപത്യത്തിന്റെ നാശം ഉണ്ടായിരിക്കുന്ന കാലത്താണ് ജീവിക്കുന്നത്. ഭരണമാറ്റം ആവശ്യമാണെന്നും സാറ ജോസഫ് കൂട്ടിച്ചേര്‍ത്തു