ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. ഓപ്പണിംഗിൽ അഭിഷേക് ശർമ്മയും തിലക് വർമ്മയും തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് കോച്ചിംഗ് സ്റ്റാഫ് ആലോചിക്കുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിനാണ് ഇന്ത്യ തോറ്റത്. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ വെറും 111 റൺസിന് പുറത്തായി. ടൂർണമെന്റിലുടനീളം ഇന്ത്യയെ അലട്ടുന്ന ബാറ്റിംഗ് തകർച്ച ഈ മത്സരത്തിലും ആവർത്തിച്ചു. ഓപ്പണർ അഭിഷേക് ശർമ്മ നാല് ഇന്നിംഗ്‌സുകളിൽ മൂന്നിലും റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ തിലക് വർമ്മയ്ക്കും ടോപ് ഓർഡറിൽ തിളങ്ങാൻ സാധിച്ചില്ല. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമാകുന്നത് വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.