ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിലുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റത്തിനു കാത്തിരിക്കുകയാണ് ആരാധകർ. ട്വന്റി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ തുടർച്ച ഐപിഎലിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടീമിൽ സഞ്ജുവിന്റെ റോൾ എന്താകുമെന്ന് സംബന്ധിച്ചും ചർച്ചകൾ പലതും നടക്കുന്നുണ്ട്. ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച താരം, വിക്കറ്റ് കീപ്പറാകുമോ എന്നതാണ് പ്രധാന ചോദ്യം. എം.എസ്.ധോണിയുള്ള ടീമിൽ, ഇത്തവണം ഗ്ലൗസ് സഞ്ജുവിനു കൈമാറുമോ എന്നതാണ് ആകാംക്ഷ. മുൻ ചെന്നൈ താരം കൂടിയായ ആർ.അശ്വിന്റെ ഒരു പോസ്റ്റും ചർച്ചകൾ കൊഴുപ്പിച്ചു.

ഫീൽഡിങ് കോച്ച് ജെയിംസ് ഫോസ്റ്ററുടെ മേൽനോട്ടത്തിൽ, ബൗണ്ടറിയിൽ ക്യാച്ചിങ് പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ചിത്രങ്ങളാണ് അശ്വിൻ പങ്കുവച്ചത്. പുതുതായി സിഎസ്‌കെയിലെത്തിയ താരം കീപ്പിങ് ഗ്ലൗസുകൾ ഇല്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുകയാണെന്ന് അശ്വിൻ ചിത്രത്തോടൊപ്പം കുറിച്ചു. ഈ പരിശീലനങ്ങൾ എന്തെങ്കിലും തന്ത്രപരമായ സൂചനയാണോ അതോ സാധാരണ പ്രീ-സീസൺ തയാറെടുപ്പാണോ എന്നും അശ്വിൻ അദ്ഭുതപ്പെട്ടു. ഈ പോസ്റ്റ് പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.