ഇലക്ട്രോണിക്‌സ് ഭീമന്മാരായ സാംസങ് ഇന്ത്യയില്‍ ലാപ്‌ടോപ്പ് നിര്‍മ്മാണം ആരംഭിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലാണ് ഉത്പാദനം തുടങ്ങിയതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സാംസങ് ഫീച്ചര്‍ ഫോണുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, വെയറബിളുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ ഈ പ്ലാന്റില്‍ നിര്‍മ്മിക്കുന്നുണ്ട്. രാജ്യത്ത് കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. നേരത്തെ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെബി പാര്‍ക്ക്, കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് എസ്പി ചുന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് ശേഷം സാംസങ് അവരുടെ നൂതന സാങ്കേതികവിദ്യകളുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ വ്യാപിപ്പിക്കുന്നത് തുടരുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
1996-ല്‍ ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യത്തെ ആഗോള ഇലക്ട്രോണിക്‌സ് നിര്‍മ്മാണ പ്ലാന്റുകളില്‍ ഒന്നാണ് സാംസങ്ങിന്റേത്. ഈ വര്‍ഷം ആദ്യം സാംസങ് ഇലക്ട്രോണിക്‌സ് പ്രസിഡന്റും മൊബൈല്‍ എക്‌സ്പീരിയന്‍സ് (എംഎക്‌സ്) ബിസിനസ് തലവനുമായ ടിഎം റോ, ഇന്ത്യയില്‍ ലാപ്‌ടോപ്പ് നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി അറിയിച്ചിരുന്നു.