ഉത്തർപ്രദേശിലെ ബല്ലിയയിലെ വൈദ്യുതി വകുപ്പ് ഓഫീസിലെ ഒരു ദളിത് എഞ്ചിനീയറെ, ഓഫീസ് ക്യാബിനിൽ വെച്ച് ഒരു സംഘം ബിജെപി പ്രവർത്തകൻ ആക്രമിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ രൂക്ഷ വിമർശനം, ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ നോക്കി നില്‍ക്കുന്നതിനിടെയായിരുന്നു ഇയാൾ എഞ്ചിനീയറെ തന്‍റെ ചെരുപ്പ് കൊണ്ട് അടിച്ചത്. ഇയാൾ ഉദ്യോഗസ്ഥനെതിരെ ജാതി അധിക്ഷേപം നടത്തിയതായും പരാതിയുയര്‍ന്നു.
ബിജെപിയുടെ മുൻ മണ്ഡൽ പ്രസിഡന്‍റ് മുന്ന ബഹാദൂർ സിംഗിന്‍റെ നേതൃത്വത്തിൽ ഏകദേശം ഇരുപത്തിയഞ്ചോളം ബിജെപി പ്രവര്‍ത്തകർ വ്യക്തമായ ഒരു കാരണവുമില്ലാതെ തന്‍റെ ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നെന്ന് എഞ്ചിനീയർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിയൂഷ് റായ് എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥന്‍റെ മുറിയില്‍ നില്‍ക്കുന്നതും ആക്രോശിക്കുന്നതും കാണാം. ഉദ്യോഗസ്ഥന്‍ തന്‍റെ കസേരയ്ക്ക് പിന്നിലായായിരുന്നു നിന്നിരുന്നത്.
ഇതിനിടെ പെട്ടെന്ന് ഇരിക്കുകയായിരുന്ന ഒരു ബിജെപി പ്രവര്‍ത്തകര്‍ ചാടി എഴുന്നേൽക്കുകയും തന്‍റെ ചെരുപ്പ് ഊരി ഉദ്യോഗസ്ഥന് നേര്‍ക്ക് നീങ്ങുകയും ചെയ്യുന്നു. ഈ സമയം മറ്റുള്ളവര്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയെല്ലാം തട്ടി മാറ്റി ഇയാൾ ഉദ്യോഗസ്ഥന്‍റെ അടുത്തെത്തുകയും അദ്ദേഹത്തെ ചെരുപ്പ് വച്ച് അടിക്കുന്നതും കാണാം. ഈ സമയം അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ച് വയ്ക്കാന്‍ ശ്രമിക്കുന്നതും കാണാം. ഉത്തർപ്രദേശിലെ ബല്ലിയയിൽ വൈദ്യുതി വകുപ്പിലെ ലാല്‍ സിംഗ് എന്ന ദളിത് എഞ്ചിനീയറെ മുന്ന ബഹാദൂർ സിംഗ് എന്ന ബിജെപി നേതാവ് അക്രമിച്ചതായി വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു. പിന്നാലെ പിയൂഷ് റായ് പങ്കുവച്ച മറ്റൊരു വീഡിയോയില്‍ ലാല്‍ സിംഗ്. ഒരു പ്രകോപനവും ഇല്ലാതെയാണ് മുന്ന തന്നെ ജാതീയമായി അധിക്ഷേപിക്കുകയും ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്തതെന്ന് പറയുന്നു.
എഞ്ചിനീയറും സഹപ്രവർത്തകരും അക്രമത്തില്‍ പരിക്കേറ്റെന്ന് ആരോപിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം സമീപ ഗ്രാമങ്ങളിലെ വൈദ്യുതി തടസത്തെ കുറിച്ച് പരാതി പറയാന്‍ ചെന്നപ്പോൾ എഞ്ചനീയര്‍ തങ്ങളെ അധിക്ഷേപിച്ചെന്നും പരാതി കേൾക്കാന്‍ തയ്യാറായില്ലെന്നും ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.