തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​ര്‍​മാ​രു​ടെ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ പ​ഠി​ച്ച​ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ നടത്തിവ​ന്ന സ​മ​രം ഒ​രാ​ഴ്ച​ത്തേ​ക്കു മാ​റ്റി​വ​ച്ചു. ഇ​തോ​ടു​കൂ​ടി ഒ​പി​ക​ള്‍, അ​ധ്യ​യ​നം, ശ​സ്ത്ര​ക്രി​യ​ക​ള്‍ എ​ന്നി​വ ഇ​ന്നു​മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.

സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പി​നെ​ത്തു​ട​ര്‍​ന്ന് രോ​ഗി​ക​ളു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലെ സ​മ​ര​ പ​രി​പാ​ടി​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നീ​ട്ടി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി കേ​ര​ള ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടു​കൂ​ടി ഒ​രാ​ഴ്ച​ത്തേ​ക്ക് നി​രാ​ഹാ​ര സ​മ​ര​വും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി കെ​ജി​എം​സി​ടി​എ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളി​ലാ​ണ് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യ​ത്. 18 മാ​സ​ത്തെ കു​ടി​ശി​ക ഇ​പ്പോ​ള്‍ ത​ന്നെ അ​നു​വ​ദി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്നും ബാ​ക്കി 39 മാ​സ​ത്തെ തു​ക നി​യ​മ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് ന​ല്‍​കാ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ല്‍​കു​ക​യാ​യി​രു​ന്നു.

ത​സ്തി​ക​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി​ക​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പു​ക​ള്‍ പാ​ലി​ക്കാ​ത്ത​പ​ക്ഷം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​റോ​സ്‌​നാ​ര ബീ​ഗ​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​സ് അ​ര​വി​ന്ദും അ​റി​യി​ച്ചു.