പ്രത്യാശയുടെ ജൂബിലിവർഷത്തിൽ തുറന്ന മരിയ മജോറ ബസിലിക്കയുടെ വിശുദ്ധവാതിൽ അടച്ചു. ക്രിസ്തുമസ് ദിനത്തിലാണ് സഭ ആഹ്വാനം ചെയ്ത പ്രത്യാശയുടെ ജൂബിലിവർഷത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ആദ്യത്തെ വിശുദ്ധവാതിൽ അടച്ചത്.
മരിയ മജോറ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ റോളാൻഡാസ് മാക്രിക്കാസ് ചടങ്ങിന് നേതൃത്വം നൽകി. “ദൈവകൃപ അടച്ചിട്ടില്ല, മറിച്ച് സഭയുടെ ഒരു പ്രത്യേക സമയമാണ്. എന്നും തുറന്നിരിക്കുന്നത് ദൈവത്തിന്റെ കരുണാമയമായ ഹൃദയമാണ്” – വിശുദ്ധവാതിൽ അടച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. റോമിലെ നാല് പേപ്പൽ ബസിലിക്കകളിൽ ആദ്യത്തേതാണ് സാന്താ മരിയ മജോറ ബസിലിക്ക.
ഡിസംബർ 27 ശനിയാഴ്ച, സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയുടെ വിശുദ്ധവാതിൽ കർദിനാൾ ബൽദസാരെ റെയ്ന അടയ്ക്കും. ഡിസംബർ 28 ഞായറാഴ്ച, സെന്റ് പോളിന്റെ വിശുദ്ധവാതിൽ കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി അടയ്ക്കും. ജനുവരി ആറിന് എപ്പിഫനി തിരുനാളിൽ ലെയോ പതിനാലാമൻ മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധവാതിൽ അടക്കും. ഇതോടെ ജൂബിലിവർഷത്തിന് ഔദ്യോഗികമായി സമാപനമാകും.



