വിവാദങ്ങള്‍ക്കിടെ കെ സച്ചിദാനന്ദന്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍. മേയ് 31 വരെയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തു തുടര്‍ഭരണം വേണ്ടെന്ന് പ്രസ്താവനയില്‍ വിവാദം തുടരുന്നതിനിടെ ഭരണസമിതി പുനഃസംഘടിപ്പിച്ചാല്‍ ചര്‍ച്ചകള്‍ വഴിമാറിയേക്കാമെന്ന ആശങ്കയാണ് നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

2022ല്‍ ആണ് നിലവിലെ ഭരണ സമിതി ചുമതലയേറ്റത്. കാലാവധി മാര്‍ച്ചില്‍ അവസാനിക്കുകയും ചെയ്യും. ഇതിനിടെയാണ് കേരളത്തിനു നല്ലത് രണ്ടു മുന്നണികളും മാറിമാറി ഭരണിക്കുന്നതാണെന്നും ബംഗാളില്‍ സംഭവിച്ചത് തന്നെ ഉദാഹരണമാണെന്നും സച്ചിദാനന്ദന്റെ പ്രതികരണം പുറത്തുവന്നത്. പരാമര്‍ശത്തെ വിമര്‍ശിച്ച് ഇടതു നേതാക്കള്‍ രംഗത്തെത്തുകയും യുഡിഎഫ് നേതാക്കള്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

വിഷയത്തില്‍ പ്രതികരിച്ച മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉള്‍പ്പെടെ കെ സച്ചിദാനന്ദനെ മാറ്റാത്ത വിഷയം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വഴിമാറാതിരിക്കാനുള്ള മുന്‍ കരുതലായാണ് ഭരണസമിതി കാലാവധി നീട്ടിയതെന്നാണ് വിലയിരുത്തല്‍.അശോകന്‍ ചരുവില്‍ (വൈസ് പ്രസിഡന്റ്), സി പി അബൂബക്കര്‍ (സെക്രട്ടറി), തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ (ട്രഷറര്‍), കള്‍ച്ചറല്‍ ഡയറക്ടര്‍, സാംസ്‌കാരികവകുപ്പു സെക്രട്ടറി, വിജയലക്ഷ്മി, കെ പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. സുനില്‍ പി ഇളയിടം, വി എസ് ബിന്ദു, എം കെ മനോഹരന്‍ എന്നിവരാണ് ഭരണ സമിതിയിലെ മറ്റ് അംഗങ്ങള്‍.