സന്നിധാനം: ശബരിമല മാസ്‌റ്റർ പ്ലാനുമായി ബന്ധപ്പെട്ട്‌ അടുത്ത മണ്ഡലകാലത്തേക്ക്‌ പൂർത്തീകരിക്കേണ്ട പദ്ധതികൾ ഇന്ന് തീരുമാനിക്കുമെന്ന്‌ തിരുവിതാംകൂർ ദേവസ്വംബോർഡ്‌ പ്രസിഡൻ്റ് കെ ജയകുമാർ . അടുത്ത വര്‍ഷത്തെ തീര്‍ഥാടനകാലം സുഗമമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി പ്രസിഡൻ്റ് അറിയിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് വിശദമായ യോഗം ദേവസ്വം ആസ്ഥാനത്ത് ഇന്ന് ചേരും.

അടുത്ത ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ വിലയിരുത്തും. 2026-27 വര്‍ഷം നടപ്പാക്കാനാകുന്ന പദ്ധതികള്‍ പരിശോധിക്കും. മുന്‍ഗണന നിശ്ചയിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കും. കേന്ദ്രസര്‍ക്കാര്‍ ഫണ്ട്, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവ വഴി പദ്ധതി തുക കണ്ടെത്തും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ മറ്റൊരു അരവണ പ്ലാൻ്റ് നിർമിച്ചാല്‍ നാലു മുതല്‍ അഞ്ച് ലക്ഷം വരെ പ്രതിദിനം അരവണ ഉത്പാദിപ്പിക്കാന്‍ കഴിയും.

മണ്ഡലകാല ഉത്സവ നടത്തിപ്പില്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്താനാണ് ശ്രമം. ഇതിനായുള്ള സാങ്കേതിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. കോടതി തന്നെ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തീര്‍ഥാടനം സുഗമമാക്കുന്നതിനുള്ള സാധ്യത ചര്‍ച്ച ചെയ്യും. നിലയ്ക്കലില്‍ നിന്ന് പുറപ്പെടുന്നവര്‍ എത്ര നേരം കൊണ്ട് പമ്പയിലെത്തും എത്ര നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരും തുടങ്ങിയവയെല്ലാം നിര്‍മ്മിത ബുദ്ധിയും ജിപിഎസ് സംവിധാനവും ഉപയോഗിച്ച് നിര്‍ണയിക്കാനാകും. ഇത്തരം സാധ്യതകളാണ് പരിശോധിക്കുന്നത്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചുള്ള നവീകരണമാണ് ശബരിമലയില്‍ നടപ്പാക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം

27ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി 26 ന് പുറപ്പെടും. അന്നേ ദിവസം ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവൻ്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. മകരവിളക്കിനെത്തുന്ന ഭക്തരുടെ പെരുമാറ്റ രീതികളും ശീലങ്ങളും വ്യത്യസ്തമാണ്.

കാട്ടില്‍ തമ്പടിക്കുക, പര്‍ണശാല കെട്ടുക തുടങ്ങിയവയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. മകരവിളക്ക് ദര്‍ശിക്കുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ ഭക്തര്‍ തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഭക്തരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ജ്യോതി ദര്‍ശിക്കുന്ന സാഹചര്യം ഭക്തര്‍ ഒഴിവാക്കണം.

മകരവിളക്കിനോടനുബന്ധിച്ച് കാനന പാത വഴി വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും. സ്‌പോട്ട് ബുക്കിംഗ് കുറച്ചു എന്നു കേട്ട് പലരും സത്രം പുല്ലുമേട് വഴി തിരഞ്ഞെടുക്കുന്നുണ്ട്. ദുര്‍ഘടമായ പാതയിലൂടെ പ്രായാധിക്യമുള്ളവര്‍, അസുഖമുള്ളവര്‍ തുടങ്ങിയവര്‍ ഏറെ ദൂരം നടന്നു വരുന്ന സാഹചര്യമുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ഉള്ള ഭക്തര്‍ക്ക് ഇത് സംബന്ധിച്ച് കൂടുതല്‍ അവബോധം നല്‍കണം. ആരോഗ്യപ്രശ്‌നമുള്ളവര്‍ ഈ പാത തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം. കാനന പാത വഴി വരുന്നവര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തുന്നതിന് പോലീസുമായും വനം വകുപ്പുമായും ധാരണയിലെത്തിയിട്ടുണ്ട്.