ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇതിനിടെ പ്രത്യേക അന്വേഷണം സംഘം (SIT) മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ കേസിലെ മൂന്നാം പ്രതിയായി ചേർത്തു. പ്രധാന പ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ കമ്മീഷണറുടെ പങ്ക് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത്.
2019 മാർച്ച് 19-നാണ് സ്വർണം ചെമ്പായി രേഖപ്പെടുത്തിയത്. അന്നത്തെ കമ്മീഷണറായിരുന്ന എൻ. വാസുവിന്റെ ശുപാർശ പ്രകാരമാണ് ഈ നടപടി നടന്നതെന്ന് എസ്.ഐ.ടി വ്യക്തമാക്കുന്നു. ആ സമയത്ത് വാസു ദേവസ്വം ബോർഡിന്റെ ഭരണാധികാരിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. രേഖാ വ്യത്യാസങ്ങളിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.



