ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനേ എസ് ഐ ടി ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് ജയറാമിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് ചെന്നൈയിലെ വസതിയിലെത്തി ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങൾ പുറത്തുവന്ന ഘട്ടത്തിൽ തന്നെ ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളി എത്തിച്ചതിന്റേയും പോറ്റിക്കൊപ്പം ജയറാം പൂജയിൽ പങ്കാളിയായതിന്റേയും ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു. 2019ൽ ശബരിമലയിൽ നിന്ന് കൊണ്ടുപോയ ദ്വാരപാലക സ്വർണപ്പാളി പണി പൂർത്തിയായ ശേഷം ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ ചെയ്യുകയായിരുന്നു. സ്മാർട്ട് ക്രിയേഷനിൽ നടന്ന കട്ടിളപ്പാളികളുടെ പൂജാ ചടങ്ങിലും ജയറാം പങ്കെടുത്തിരുന്നു.
ഒരു അയ്യപ്പ ഭക്തനെന്ന നിലയിലാണ് സ്വർണപ്പാളികളുടെ പൂജാ ചടങ്ങിൽ പങ്കെടുത്തതെന്നാണ് ജയറാം അന്വേഷണസംഘത്തോട് വിശദീകരിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പുകാരനാണെന്ന് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ബന്ധവുമില്ലെന്നും ജയറാം പറഞ്ഞു. ശബരിമലയിലെ ഒരാൾ എന്ന നിലയിൽ മാത്രമാണ് തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയം. മറ്റ് യാതൊരു ബന്ധമോ സൗഹൃദമോ ഇല്ലെന്നും ജയറാം എസ്‌ഐടിയോട് വ്യക്തമാക്കിയതായാണ് വിവരം



