അയ്യപ്പഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വിൽക്കുന്ന ‘ആടിയ ശിഷ്ടം നെയ്യ്’ വിൽപ്പനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് അന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവ്.

മകരവിളക്ക് സീസൺ തിരക്കിനിടയിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. വിൽപ്പന നടത്തിയ 13,679 പാക്കറ്റ് നെയ്യിന്റെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ.

100 മില്ലി ലിറ്റർ നെയ്യ് വീതമുള്ള ഒരു പാക്കറ്റിന് 100 രൂപ നിരക്കിൽ കണക്കാക്കുമ്പോൾ ഏകദേശം 13,67,900 രൂപയുടെ കുറവാണ് അക്കൗണ്ടിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികളിൽവെച്ച് അനധികൃതമായി നെയ്യ് വിൽക്കുന്നത് കോടതി തടഞ്ഞിരുന്നു.