ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം. ജസ്റ്റീസുമാരായ എം.എം സുന്ദരേഷ്, അഹ്സനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. സുപ്രീംകോടതിയിലെ മലയാളി ജഡ്ജിമാർ ആരും ഭരണഘടന ബെഞ്ചില്‍ ഇല്ല.

യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം ഏഴ്, എട്ട്, ഒൻപത് തീയതികളിലും അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14,15,16 തീയതികളിലും ഭരണഘടനാ ബെഞ്ച് കേള്‍ക്കും.

പ്രായഭേദമില്ലാതെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന 2018ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികള്‍ ഉള്‍പ്പെടെ ഭരണഘടനാ പ്രാധാന്യമുള്ള വിഷയങ്ങളിലാണ് ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.