കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് പ്രവിശ്യയിൽ റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ യുവാവും മൂന്നു പിഞ്ചുകുട്ടികളും കൊല്ലപ്പെട്ടു. ഗർഭിണിയായ ഭാര്യക്കു ഗുരുതരമായി പരിക്കേറ്റു. ഇവരുടെ വീടിനു നേർക്കായിരുന്നു ആക്രമണം. പൂർണമായി തകർന്ന വീട് കത്തിനശിച്ചു.
34 വയസുള്ള പിതാവും രണ്ട് വയസുള്ള ഇരട്ട ആൺകുട്ടികളും ഒരു വയസുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അമ്മയെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയായിരുന്നു. 35 ആഴ്ച ഗർഭിണിയായ യുവതി ഗുരുതരാവസ്ഥയിലാണ്. സ്ഫോടനത്തിൽ തലയ്ക്കു പരിക്കേറ്റ യുവതിക്കു പൊള്ളലേറ്റു. കേൾവിശക്തി നഷ്ടമായി.
ബോഹോദുഖീവ് പട്ടണത്തിലാണ് റഷ്യയുടെ ഡ്രോൺ ആക്രമണമുണ്ടായത്. ഇറേനിയൻ നിർമിത ഷാഹേദ് ഡ്രോണിന്റെ റഷ്യൻ പതിപ്പായ ഗെരാൻ-2 ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. ബുധനാഴ്ച രാത്രി റഷ്യ 129 ലോംഗ് റേഞ്ച് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നു യുക്രെയ്ൻ വ്യോമസേന അറിയിച്ചു.



