ചർച്ചകൾക്കായി റഷ്യയുടെയും ഉക്രൈയിനിൻറെയും പ്രതിനിധികളെ സ്വീകരിക്കാൻ വത്തിക്കാൻ സന്നദ്ധമാണെന്ന് ലിയൊ പതിനാലാമൻ പാപ്പാ.

യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ഉക്രൈയിനിൻറെ പ്രസിഡൻറ് വൊളോദിമിർ സെലെൻസ്ക്കിയെ  ജൂലൈ 9-ന് ബുധനാഴ്ച താൻ, വേനൽക്കാല വിശ്രമത്തിലായിരിക്കുന്ന കാസ്തൽ ഗന്തോൾഫൊയിലെ വസതിയിൽ സ്വീകരിച്ചവേളയിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ സന്നദ്ധത ആവർത്തിച്ചത്. ഇരുവരും തമ്മിലുള്ള രണ്ടാമത്തെ നേർക്കാഴ്ചയായിരുന്നു ഇത്.

ഉക്രൈയിനിൽ നടക്കുന്ന യുദ്ധം നീതിപൂർവ്വകവും സുസ്ഥിരവുമായ സമാധനത്തിൻറെ വഴികൾ കണ്ടെത്തേണ്ടതിൻറെ അടിയന്തിരാവശ്യകതയെക്കുറിച്ച് പാപ്പായും പ്രസിഡൻറും ചർച്ച ചെയ്തുവെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ശത്രുത അവസാനിപ്പിക്കുന്നതിനുള്ള സവിശേഷ മാർഗ്ഗമായ സംഭാഷണത്തിൻറെ പ്രാധാന്യം ഈ സൗഹൃദസംഭാഷണ വേളയിൽ ഇരുവരും ഊന്നിപ്പറഞ്ഞു. ഈ യുദ്ധത്തിന് ഇരകളായവരുടെ കാര്യത്തിലുള്ള തൻറെ വേദന പാപ്പാ വെളിപ്പെടുത്തുകയും ഉക്രൈയിൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരോടുള്ള തൻറെ സാമീപ്യം അറിയിക്കുകയും തടവുകാരുടെ മോചനത്തിനും പൊതുവായ പരിഹാരങ്ങൾ ആരായുന്നതിനുമുള്ള ശ്രമങ്ങൾക്ക് പ്രചോദനം പകരുകയും ചെയ്തു.

ലിയൊ പതിനാലാമൻ പാപ്പായുടെ സഭാഭരണരാംഭ ദിവ്യബലിയർപ്പിക്കപ്പെട്ട മെയ് 18-ന് പ്രസിഡൻറെ സെലെൻസ്കി വത്തിക്കാനിൽ വച്ച് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു മുമ്പ്, മെയ് 12-ന് ഇരുവരും തമ്മിൽ ടെലെഫോൺ സംഭാഷണത്തിലേർപ്പെട്ടിരുന്നു.