കീവ്: റഷ്യയ്ക്ക് യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ താല്പര്യമില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്ന ദിവസത്തില്‍ പോലും റഷ്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോയ്ക്ക് ഉദ്ദേശമില്ലെന്ന് തെളിയിക്കുന്നതാണ് ഇതെന്നും സെലെന്‍സ്‌കി പറഞ്ഞു.

‘ഉന്നതതല ചര്‍ച്ചകള്‍ നടക്കുമ്പോഴും റഷ്യ കൊന്നുകൊണ്ടിരിക്കുകയാണ്. ഇത് വളരെയേറെ കാര്യങ്ങളാണ് നമ്മോട് പറയുന്നത്,’ സെലന്‍സ്‌കി എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി. യുദ്ധത്തിന്റെ ന്യായമായ ഒരു അന്ത്യത്തിനായി യുക്രെയ്ന്‍ വാഷിങ്ടണുമായും യൂറോപ്യന്‍ സ്യകക്ഷികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ കഴിയുന്നത്ര പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, അമേരിക്കയില്‍ നിന്ന് ശക്തമായ ഒരു നിലപാട് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അലാസ്‌കയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. യുക്രൈന്‍- റഷ്യ വെടിനിര്‍ത്തലില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കൂടിക്കാഴ്ചയില്‍ യാതൊരു ധാരണയും ഉണ്ടായില്ലെന്നാണ് വിവരം. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ട്രംപ് അറിയിച്ചു.