ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമ ആനുകൂല്യങ്ങൾ, ഭരണപരിഷ്കരണങ്ങൾ ഉൾപ്പെടെയുള്ളവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.
കെ.അണ്ണാമലൈയും മറ്റ് മുതിർന്ന ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഓരോ കുടുംബത്തിനും ഒറ്റത്തവണ 10,000 രൂപ സഹായം, വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
പൊങ്കൽ, ദീപാവലി, തമിഴ്നാട് പുതുവത്സര ദിനം തുടങ്ങി വിശേഷ ദിവസങ്ങളിലായി സൗജന്യ എൽപിജി ആണ് ബിജെപിയുടെ മറ്റൊരു വാഗ്ദാനം. ഇതുകൂടാതെ കർഷകർക്കായി ഉഴവ് തായ് സ്കീം. പിഎം കിസാൻ പദ്ധതിയിലൂടെ സ്കീമിനായി 3,000 രൂപ വർധിപ്പിക്കുക.
ഇതോടെ പ്രതിവർഷം 9,000രൂപയുടെ സഹായം ലഭിക്കും. സ്ത്രീ സുരക്ഷയുടെ ഭാഗമായി സീറോ എഫ്ഐആർ റിപ്പോർട്ടിംഗ്, സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളുടെ വിചാരണയ്ക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ, മയക്കുമരുന്ന് നിവാരണത്തിനായി പ്രത്യേക ആന്റി നാർക്കോട്ടിക്ക് ടാസ്ക് ഫോഴ്സ് എന്നിവയും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.



