മലയാളത്തിൽ നിന്ന് 2024ൽ വമ്പൻ ഹിറ്റായി മാറിയ പ്രേമലുവിന്റെ(Premalu) രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോൾ പ്രേമലു 2ന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. അടുത്ത വർഷം ഓണക്കാലത്ത് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. 2025 ജനുവരിയിൽ യുകെയിലെ വിവിധയിടങ്ങളിൽ ചിത്രീകരണം ആരംഭിച്ചേക്കും.
ഗിരീഷ് എഡി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. പ്രേമലു 2 കൂടുതൽ നർമ്മവും ഊർജവും നിറഞ്ഞ ചിത്രമായിരിക്കുമെന്ന് ഗിരീഷ് അടുത്തിടെ പറഞ്ഞിരുന്നു. ആദ്യ ചിത്രത്തിന്റെ ഭാഗമായിരുന്ന അതേ അണിയറപ്രവർത്തകരെ ഉൾപ്പെടുത്തി ഭാവന സ്റ്റുഡിയോ ചിത്രം നിർമ്മിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
സച്ചിന് (നസ്ലെന്), റീനു (മമിത), അമല്‍ ഡേവിസ് (സംഗീത് പ്രതാപ്), ആദി (ശ്യാം മോഹന്‍), തോമസ് (മാത്യു), കാര്‍ത്തിക (അഖില ഭാര്ഗവന്) എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രേമലു 2 ഒരുങ്ങുന്നത്. ഇവര്‍ തന്നെ പ്രേമലു 2ലും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യഭാഗത്തിന്റെ സക്സസ് സെലിബ്രേഷനിടെ ആണ് രണ്ടാം ഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. നടൻ ഫഹദ് ഫാസിലും ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.