ഹോളിവുഡിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ പ്രശസ്ത സംവിധായകൻ റോബ് റൈനറുടെയും ഭാര്യ മിഷേൽ സിംഗർ റൈനറുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ നിക്ക് റൈനറെ കോടതിയിൽ ഹാജരാക്കി. ലോസ് ഏഞ്ചൽസ് കോടതിയിൽ നടന്ന ആദ്യ വാദത്തിനിടെ മുപ്പത്തിരണ്ടുകാരനായ നിക്ക് വികാരാധീനനായി കാണപ്പെട്ടു.
തന്റെ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനായി കേസ് ജനുവരി ഏഴിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാളെ ജയിലിലടച്ചിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ലോസ് ഏഞ്ചൽസിലെ ആഡംബര വസതിയിൽ റോബ് റൈനറെയും ഭാര്യയെയും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. മകൾ റോമിയാണ് മാതാപിതാക്കളുടെ മൃതദേഹം ആദ്യം കണ്ടത്. ലഹരി മരുന്നിന് അടിമയായിരുന്ന നിക്ക് റൈനറും പിതാവും തമ്മിൽ മുൻപും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് പിതാവിനൊപ്പം സിനിമയിൽ പ്രവർത്തിച്ചിരുന്ന നിക്ക് പിന്നീട് ലഹരിയുടെ ലോകത്തേക്ക് വഴിമാറുകയായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖർ റൈനറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഹോളിവുഡ് കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ റോബ് റൈനറുടെ അപ്രതീക്ഷിത മരണം ഇപ്പോഴും ആരാധകർക്കും സിനിമാ സുഹൃത്തുക്കൾക്കും വിശ്വസിക്കാനായിട്ടില്ല.



