ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രശ്നങ്ങൾ സമീപകാലത്തായി മാധ്യമശ്രദ്ധ നേടുന്നത് കൂടുതലാണ്. കുടുംബത്തിനെതിരെ ഹാരി രാജകുമാരനും മേഗൻ മെർക്കലും നടത്തിയ വെളിപ്പെടുത്തലുകൾ രാജകുടുംബത്തെ പിടിച്ചുകുലുക്കിയിരുന്നു. മേഗനെതിരെ മോശം പരാമർശനം നടത്തിയ അമ്മാവനായ ആൻഡ്രൂ രാജകുമാരനെ ഹാരി രാജകുമാരൻ മർദിച്ചെന്ന ആരോപണമാണ് ഏറ്റവും അവസാനമായി പുറത്തുവന്നത്. ഗുരുതരമായ ആരോപണം ഹാരി രാജകുമാരൻ നിഷേധിച്ചു.
ചരിത്രകാരനായ ആൻഡ്രൂ ലോണിയുടെ പുതിയ പുസ്തകമായ ‘ദി റൈസ് ആൻഡ് ഫാൾ ഓഫ് ദി ഹൗസ് ഓഫ് യോർക്ക്’ എന്ന ബുക്കിലാണ് രാജകുടുംബത്തെ വിവാദത്തിലാക്കുന്ന പുതിയ ആരോപണമുള്ളത്. മേഗനെതിരായ പ്രസ്താവനയുടെ പേരിൽ അമ്മാവൻ ആൻഡ്രൂവിനെ ഹാരി മർദിച്ചെന്നായിരുന്നു ബുക്കിലെ ഗുരുതരമായ ആരോപണം.
2013ൽ നടന്ന ഒരു കുടുംബയോഗത്തിലുണ്ടായ തർക്കവും ആൻഡ്രൂ മേഗനെതിരെ നടത്തിയ പ്രസ്താവനയുമാണ് സംഘർഷത്തിലേക്ക് എത്തിയത്. ഹാരി ആൻഡ്രൂവിനെ ക്രൂരമായി മർദിക്കുകയും അദ്ദേഹത്തിൻ്റെ മൂക്കിൽ നിന്ന് രക്തമൊഴുകിയെന്നുമാണ് ബുക്കിലെ അവകാശവാദം.
ആൻഡ്രൂ മേഗനെ ‘അവസരവാദി’ എന്ന് വിളിച്ചതിൻ്റെ പേരിലാണ് ഏറ്റുമുട്ടൽ തുടങ്ങിയതെന്നാണ് ബുക്കിൽ പറയുന്നത്. മേഗനുമായുള്ള ഹാരിയുടെ ബന്ധത്തെ ആൻഡ്രൂ ചോദ്യം ചെയ്തിരുന്നു. മേഗൻ അവസരവാദിയാണെന്ന് ആൻഡ്രൂ പരിഹസിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ഈ ബന്ധം ഒരു മാസം നീണ്ടുനിൽക്കില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
വിവാഹം നടക്കുന്നതിന് മുൻപ് 2018ൽ ആൻഡ്രൂ ഭ്രാന്തമായി പെരുമാറുകയും മേഗൻ്റെ മുൻകാല ജീവിതത്തെക്കുറിച്ച് പരാമർശം നടത്തുകയും ചെയ്തുവെന്ന് പുസ്തകം ആരോപിക്കുന്നു. ഈ സംഭവത്തിനുശേഷം ഹാരി രാജകുമാരൻ വില്യമിനോട് അകൽച്ച പാലിച്ചിരുന്നുവെന്നും ബുക്കിൽ ആരോപിക്കുന്നുണ്ട്.